അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ യശസ്സുയർത്തിയ അതുല്യനടൻ, ഇന്ദ്രൻസിന്റെ അഭിനയം കണ്ണുനിറച്ചെന്നു വിനയൻ

മിടുക്കനായ കോസ്റ്റ്യൂം ഡിസൈനർ, അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ യശസ്സുയർത്തിയ അതുല്യനടൻ, ഇന്ദ്രൻസിന്റെ അഭിനയം കണ്ണുനിറച്ചെന്നു വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് തന്നെ ഞെട്ടിച്ചുവെന്ന് പ്രശസ്ത സംവിധായകൻ വിനയൻ.

മലയാള സിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈറായിരുന്നു ഒരു ചെറുപ്പക്കാരൻ, വർഷങ്ങൾക്കുശേഷം അന്തരാഷ്ട്ര വേദികളിൽ നമ്മുടെ യശസ്സുയർത്തി, പ്രതിഭയെ നമുക്കറിയാം. കഴിഞ്ഞ 35 വർഷമായി സംശുദ്ധനായ കലാകാരനെ അറിയാമെന്നും വിനയൻ ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞു

സിജു വിൽസൻ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്, അതിൽ കേളു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിന് അഭിനയമികവിനെ പ്രകീർത്തിച്ച് ആണ് വിനയൻ ഇപ്പോൾ എത്തിയിരിക്കുന്നത്.
ജാതി വിവേചനത്തിന്റെ ആ പഴയ നാളുകളിൽ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിതരിൽ ഒരാളായി ഇന്ദ്രൻസ് ജീവിക്കുന്നത് കണ്ടപ്പോൾ ഷൂട്ടിംഗ് ആണെന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന സഹപ്രവർത്തകരെ കണ്ണുനിറഞ്ഞു എന്നാണ് പറയുന്നത്. വലിയ ക്യാൻവാസിൽ ബിഗ് ബജറ്റിൽ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ മണ്ണിന്റെ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളാണ് ഉള്ളതെന്നും വിനയൻ പറഞ്ഞു.

ആറാട്ടുപുഴ വേലായുധപണിക്കർ എന്ന തീപ്പൊരി ഈഴവ പ്രമാണിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ. കേരളത്തിലെ പത്തൊമ്പതാം നൂറ്റാണ്ടിലെ ജനങ്ങളുടെ ജീവിത രീതിയിൽ ഇതിൽ ചിത്രീകരിക്കപ്പെടുന്നു.
വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും വിനയൻ തന്നെയാണ്.

വിനയൻ എഴുതിയ പോസ്റ്റ് ഇങ്ങനെ…

എന്നെ അതിശയിപ്പിച്ച ഇന്ദ്രൻസ്…..
പത്തൊൻപതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല..
മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരൻ വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വേദികളിൽ നമ്മുടെ യശ്ലസ്സുയർത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു..
കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.. എൻെറ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തിൽ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രൻസ് ചെയ്തത്.. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണി ചെയ്ത രാമു എന്നകഥാപാത്രത്തിൻെറ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നതു കണ്ടപ്പോൾ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങൾ ഇന്ദ്രനു ചെയ്യാൻ കഴിയുമെന്നു ഞാൻ പറഞ്ഞിരുന്നു..
എങ്കിൽ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാർ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രൻെറ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഒാർക്കുന്നു.. എൻെറ കൂടെ അല്ലങ്കിലും ഇന്ദ്രൻസ് ആ സ്വപ്നം സാക്ഷാത്കരിച്ചു.. അഭിനയകലയുടെ നിറുകയിൽ എത്തി..
രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഒാഫീസറും ഒക്കെ ആയി എൻെറ പത്തു പതിന്നാലു സിനിമകളിൽ അഭിനയിച്ച ഇന്ദ്രൻസുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ സഹകരിക്കാൻ സാധിച്ചത്..
ജാതി വിവേചനത്തിൻെറ ആ പഴയ നാളുകളിൽ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിരിൽ ഒരാളായി
ഇന്ദ്രൻസ് ജീവിക്കുന്നതു കണ്ടപ്പോൾ
ഷൂട്ടിംങ്ങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവർത്തകരുടെ കണ്ണു നിറഞ്ഞു..
വലിയ ക്യാൻവാസിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ മണ്ണിൻെറ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാ പാത്രങ്ങളുമാണ് ഉള്ളത്.. അക്കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല ഞങ്ങൾ… ഇന്ദ്രൻസിനെ പോലുള്ള അഭിനേതാക്കൾ ആ ഉദ്യമത്തിനെ ഏറെ സഹായിച്ചു..