എന്തൊക്കെ പറഞ്ഞാലും, പ്രണവ് ഒരു കുട്ടി മോഹൻലാലാണ്..

മലയാളി സിനിമ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ തിരക്കഥയും, സംവിധാനവും നിര്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത് പ്രണവ് മോഹൻലാലാണ്. ചിത്രം ജനുവരി 21 ന് തീയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ, പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണ ഘട്ടങ്ങളിൽ പ്രണവിന്റെ അഭിനയത്തെ കുറിച്ചും, ഈ ചിത്രത്തിന്റെ പ്രധാന കഥാപാത്രമായി പ്രണവിനെ തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണത്തെ പറ്റിയും ചോദിച്ചപ്പോളാണ് വിനീത് പ്രണവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 15 ഗാനങ്ങൾ ഉണ്ട് എന്നതാണ് ഹൃദയത്തെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ചിത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടും ഒരുപാട് നാൾ കാത്തിരുന്നത് തിയേറ്ററിൽ തന്നെ ഈ ചിത്രം പ്രദർശിപ്പിക്കണം എന്ന അണിയറ പ്രവർത്തകരുടെ ആഗ്രഹത്തെ തുടർന്നായിരുന്നു. താര രാജാവിന്റെ മകൻ എന്ന നിലയിലും ആരാധകരെ കൂടുതൽ ആകാംഷയിലാക്കിയിരിക്കുന്നത്.

ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹിഷാം ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. മെറിലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.