അറബിക് കുത്തിൽ ആറാടി സോഷ്യൽ മീഡിയ, യൂട്യൂബ് റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം

സോഷ്യൽ മീഡിയയിലെ റെക്കോർഡുകൾ തകർത്ത് വിജയചിത്രം ബീസ്റ്റിലെ അറബി കുത്ത്. സിനിമ ഇറങ്ങും മുമ്പേ തന്നെ യൂട്യൂബിൽ ഈ ഗാനം  18 ദിവസം കൊണ്ട് നേടിയത് 14 കോടി വ്യൂവേഴ്സിനെ.നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14ന് ആണ് തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഇൻസ്റ്റഗ്രാം റീലുകളിലും വീഡിയോകളിലും തരംഗമായി മാറിക്കഴിഞ്ഞു ഈ ഗാനം.

ഗാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സ്പോർട്ടിഫൈയുടെ ഗ്ലോബൽ ടോപ് 200 ചാർട്ടിൽ ട്രെൻഡ് ചെയ്ത ആദ്യത്തെ ഇന്ത്യൻ ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. 24 മണിക്കൂറിനുള്ളിൽ ഡെയിലി ടോപ്പ് 50 ഇന്ത്യൻ ചാർട്ടിൽ ഇടം നേടാനും ഈ ഗാനത്തിനായി. ഈ മാസം 20 ന് ചെന്നൈയിൽ നടക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

ധനുഷിന്റെ കൊലവെറി എന്ന ഗാനത്തിന് ഈണം പകർന്ന അനിരുദ്ധ് രവിചന്ദർ ആണ് അറബിക് കുത്തിന് ഈണം പകർന്നിരിക്കുന്നത്. ശിവകാർത്തികേയൻ ആണ് ഗാനം എഴുതിയിരിക്കുന്നത്. അനിരുദ്ധും ജോനിക ഗാന്ധിയും ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത് . അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവയ്ക്കൊപ്പം തമിഴ് മിക്സ് ചെയ്തു ഒരുക്കിയ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ പൂജ ഹെഗ്ഡെ, വിജയ് എന്നിവരും നൃത്തം ചെയ്യുന്നുണ്ട്.  വിജയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ് , ദളപതി 65എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ  ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.