ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജയസൂര്യയുടെ “ഈശോ” ടീസർ പുറത്തിറങ്ങി

ജയസൂര്യ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഈശോയുടെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്.

ഈശോ എന്ന ടൈറ്റിൽ റോളിലാണ് ജയസൂര്യ എത്തുന്നത്. കോമഡി ചിത്രങ്ങളുമായ് എത്താറുള്ള നാദിർഷ പതിവിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ചിത്രമായാണ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ഈശോ എന്ന ടൈറ്റിൽ ചില വിവാദങ്ങളിലേക്കും വഴി തിരിച്ചിരുന്നു.

തികച്ചും വ്യത്യസ്തമായ ലുക്കിലും സ്റ്റൈലിലും ആണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. രാത്രി വളരെ വൈകി എടിഎമ്മിലെ ജീവനക്കാരന്റെ അടുത്ത് സംസാരിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തെയും ടീസറിൽ കാണാം. തുടർന്ന് മഴയും ജയസൂര്യയുടെ നോട്ടവും നടത്തുവുമെല്ലാം ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സുനീഷ് വരനാടാണ്. രാഹുൽ രാജ് ആണ്  ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ചിത്രത്തിലെ സംഗീതം നിർവഹിക്കുന്നത് സംവിധായകനായ നാദിർഷ തന്നെയാണ്. അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 123മ്യൂസിക് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ജയസൂര്യ നാദിർഷ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിന് വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.