25000 ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യം. വീണ്ടും ഞെട്ടിച്ച് ഡാവഞ്ചി സുരേഷ്

ഗാന്ധിജയന്തി ദിനത്തില്‍ ബലൂണുകള്‍ കൊണ്ട് ഗാന്ധിജിയുടെ രൂപം ഉണ്ടാക്കി നമ്മളെ ഞെട്ടിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇപ്പോള്‍ ബിസ്‌ക്കറ്റില്‍ തെയ്യത്തിന്റെ രൂപമുണ്ടാക്കി വീണ്ടും ഞെട്ടിച്ചിയിരിക്കുകയാണ് ഈ കലാകാരന്‍.

നമ്മള്‍ സാധാരണയായി ബേക്കറിയില്‍ നിന്ന് വാങ്ങുന്ന എല്ലാ തരം ബിസ്‌ക്കറ്റുകളും ഇതിനായി ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. വടക്കന്‍ മലബാറിന്റെ ആചാരനുഷ്ഠാന കലകളില്‍ പ്രധാനപ്പെട്ടതാണ് തെയ്യം. ഇരുപത്തിനാല് അടി ഉയരത്തിലാണ് സുരേഷ് ബിസ്‌ക്കറ്റ് ഉപയോഗിച്ച് തെയ്യം ഉണ്ടാക്കിയിരിക്കുന്നത്.
കണ്ണൂര്‍ നഗരമധ്യത്തിലുള്ള ബേക് സ്റ്റോറിലെ ലൈവ് ബേക്കറിയിലെ ഷെഫ് റഷീദ് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂരില്‍ എത്തിയ ഡാവിഞ്ചി സുരേഷ് 15 മണിക്കൂര്‍ സമയമെടുത്താണ് വലിയ ചിത്രം തീര്‍ത്തത്.

ഹാളിനുള്ളില്‍ ടേബിളുകള്‍ നിരത്തി അതിനു മുകളില്‍ തുണി വിരിച്ചു ബിസ്‌ക്കറ്റുകള്‍ നിരത്തി വെച്ചും അടുക്കി വെച്ചും ആണ് ചിത്രം തയ്യാറാക്കിയത്. വിവിധ നിറങ്ങളിലും വിവിധ വലുപ്പത്തിലും ഉള്ള ഇരുപത്തയ്യായിരം ബിസ്‌ക്കറ്റുകളും, മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളും ഇതിനായി ഉപയോഗിച്ചത് വിവിധ മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന ഡാവിഞ്ചി സുരേഷിന്റെ എഴുപത്തി ഒന്‍പതാമത്തെ മീഡിയം ആണ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കണ്ണൂരില്‍ തയ്യാറാക്കിയ ഈ തെയ്യം.