എത്ര തീറ്റ കിട്ടിയാലും വെറി മാറാത്ത ഒരപ്പൻ, ഇങ്ങനെയൊരു അപ്പനും മകനും സിനിമയിൽ ആദ്യം, രഘുനാഥ് പലേരിയുടെ വാക്കുകളിങ്ങനെ

സണ്ണി വെയിൻ പ്രധാനവേഷത്തിലെത്തുന്ന അപ്പൻ എന്ന സിനിമയെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നവാഗതനായ മജുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ  അലൻസിയർ, ഗ്രേസ് ആന്റണി, പൗളി വിൻസൻ, രാധിക രാധാകൃഷ്ണൻ,  വിജിലേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സംവിധായകനായ മജുവും,  ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ, ഏതു പ്രതലത്തിൽ ആവും റിലീസ് എന്നറിയില്ല. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായി സണ്ണിവെയ്നും, എത്ര തീറ്റ കിട്ടിയാലും വെറി മാറാത്ത ഒരപ്പനും, സിനിമയിൽ ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു അപ്പനെയും മകനെയും കാണുന്നത് എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രഘുനാഥ് കുറിച്ചത്.

സംസ്ഥാന പുരസ്കാരം നേടിയ വെള്ളം സിനിമയുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ സണ്ണിവെയിൻ പ്രൊഡക്ഷനും ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്.