സേതു രാമയ്യർക്ക് കൂട്ടായി ഇനി വിക്രമും, പോസ്റ്റർ പങ്കു വെച്ച് ജഗതി ശ്രീകുമാർ

ജഗതിയുടെ തിരിച്ചുവരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ആ ഒരു സന്തോഷ വാർത്ത അറിയിച്ചുകൊണ്ട് താരം തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സിബിഐ 5 ദി ബ്രെയിൻ ചിത്രത്തിന്റെ പോസ്റ്റർ തന്റെ എഫ് ബി പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജഗതി ശ്രീ കുമാർ.

നിരവധി ആരാധകരാണ് പോസ്റ്ററിന് കമന്റുകൾ നൽകുന്നത്. ഫെബ്രുവരി 27 മുതലാണ് ജഗതി സിബിഐ ടീമിനൊപ്പം ചേർന്നത്. അപകടത്തെത്തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകർ.

ചിത്രത്തിൽ സേതുരാമയ്യരുടെ അസിസ്റ്റന്റ് ആയ വിക്രം എന്ന കഥാപാത്രമായാണ് ജഗതി എത്തുന്നത്. സിബിഐയുടെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിബിഐ ചിത്രങ്ങളിൽ കയ്യടി നേടിയ കരുത്തുറ്റ കഥാപാത്രമായിരുന്നു ജഗതി ശ്രീകുമാർ അവതരിപ്പിച്ച വിക്രം. പുതിയ ചിത്രത്തിൽ രമേഷ്‌ പിഷാരടി, ദിലീഷ് പോത്തൻ, ലിജോ പെല്ലിശ്ശേരി, സായികുമാർ, രഞ്ജി പണിക്കർ, തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്.