പാപ്പനും മൈക്കിളും ഉടനെത്തും, ചിത്രത്തിന്റെ പോസ്റ്റർ  പുറത്തുവിട്ട് സുരേഷ് ഗോപി

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന പാപ്പൻ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് പ്രിയ താരം സുരേഷ് ഗോപി. പാപ്പനും മൈക്കിളും ഉടൻ എത്തും,  എന്ന്‌ പറഞ്ഞാണ് ചിത്രത്തിന്റെ പോസ്റ്റർ താരം പങ്കുവെച്ചത്.  നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും  ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.

ചിത്രത്തിന്റെതായ് പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടി എന്ന പ്രത്യേകതയും ഇതിനുണ്ട്.  മൈക്കിൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഗോകുൽ സുരേഷ് എത്തുന്നത്.

എബ്രഹാം മാത്യു പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പോലീസ് യൂണിഫോമിൽ സുരേഷ്ഗോപി എത്തുന്നത്.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നീതു പിള്ള, ആശ ശരത്ത്, കനിഹ, ചന്ദു നാഥ്, ടിനി ടോം, വിജയ രാഘവൻ, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആർ. ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി യാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്.  സുരേഷ് ഗോപിയുടെ 252-മത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സലാം കാശ്മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.