മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എത്തുന്നു, പ്രഖ്യാപനം ഉടൻ ആകാംഷയിൽ ആരാധകർ…

മിന്നൽ മുരളിയുടെ രണ്ടാംഭാഗം ഉടൻ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോൾ. ഇത് കുറെ കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്തുതന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പറഞ്ഞു. ദി ഫെഡറലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

” ഇത് കുറച്ചുകൂടി വലിയ ചിത്രം ആയിരിക്കും. എന്താണ് മുന്നിലുള്ളത് എന്ന് പറയാൻ ഇപ്പോൾ അല്പം നേരത്തെ ആണ്, എന്താണ് മനസ്സിൽ ഉള്ളത് എന്ന് പറയാനാവില്ല എന്നാൽ ഇത് മികച്ച അനുഭവം തന്നെയായിരിക്കും. ഷിബു ചിത്രത്തിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഈ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. മിന്നൽ മുരളി ത്രിമാന രൂപത്തിൽ നിർമിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത് എന്നാൽ അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി മികവോടു കൂടി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പറഞ്ഞു.

ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. സൂപ്പർ ഹീറോ പരിവേഷ നൽകിയിട്ടുള്ള സിനിമയായി നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം വളരെ വിജയത്തോടെ ഇപ്പോഴും മുന്നേറുകയാണ്. മിന്നൽ അടിച്ച് അമാനുഷിക ശക്തി നേടുന്ന ഷിബുവിന്റെയും ജയ്സൺ എന്ന തയ്യൽ ക്കാരന്റെയും കഥയാണ്. ചിത്രത്തിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്.

ടോവിനോയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം കൂടിയാണിത്.ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്, സമീർ താഹിർ ഛായാഗ്രഹണവും ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് വളാഡ് റിംബർഗാണ്.