കുടുംബാന്തരീക്ഷത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കി മകളിലെ ആദ്യ ഗാനമെത്തി

സത്യൻ അന്തിക്കാട് ചിത്രം മകളിലെ ആദ്യ ഗാനം പുറത്തിറങ്ങി.  കുടുംബാന്തരീക്ഷത്തിന്റെ മനോഹരമായ നിമിഷങ്ങൾ ഒരുക്കിയ”മായല്ലേ” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ജയറാമും  മീരാ ജാസ്മിനും പ്രധാനവേഷത്തിലെത്തുന്ന  ചിത്രമാണ് മകൾ. നീണ്ട ഇടവേളക്കു ശേഷമാണ്  മീരാജാസ്മിൻ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്.

കുടുംബപ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മറ്റൊരു മാസ്റ്റർ പീസ് ചിത്രം ആകാം എന്നാണ് ആരാധകർ പറയുന്നത്. ഇരു മതത്തിൽ നിന്നും വിവാഹം ചെയ്തവരാണ് ജയറാമും, മീരാജാസ്മിനും എന്നാണ്  ആദ്യ ഗാനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ചിത്രത്തിൽ  നസ് ലെ ൻ,  ശ്രീനിവാസൻ, സിദ്ദീഖ്, ഇന്നസെന്റ്, ദേവിക സഞ്ജയ്‌, നിൽജ ബേബി, അൽത്താഫ് സലീം, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. കലാ സംവിധാനം നിർവഹിക്കുന്നത് മനോജ് ജഗത് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ്.

നീണ്ട 12 വർഷത്തിനുശേഷമാണ് സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. വീണ്ടും  ഈ കൂട്ട് കെട്ട് ഒരുമിക്കുമ്പോൾ മികച്ചൊരു കുടുംബ ചിത്രത്തിനായാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.