കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ ട്രിപ്പ്
കാടും പുല്‍മേടും കണ്ട് പ്രകൃതി ആസ്വദിച്ച് നമ്മുടെ സ്വന്തം ആനവണ്ടിയില്‍ ഇനി യാത്ര പോകാം. പ്രത്യേക കാനനയാത്രാ സൗകര്യമൊരുക്കി ചാലക്കുടിയില്‍നിന്ന് മലക്കപ്പാറയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഒരുക്കിയിരിക്കുകയാണ്.
നിത്യഹരിത മഴക്കാടുകളിലൂടെയുള്ള യാത്രയും മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളുടെ കാഴ്ചഭംഗിയും ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കൂട്ടമുള്പ്പടെയുള്ള മൃഗങ്ങളേയും മലമുഴക്കി വേഴാമ്പലടക്കമുള്ള പക്ഷികളെയും കണ്ട് യാത്ര തുടരാം. മലക്കപ്പാറയിലേക്കുള്ള യാത്രാനിരക്കായി 102 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്.
ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ട് മലക്കപ്പാറ വരെയാണ് ബസ് സര്‍വ്വീസ് നടത്തുക. ഇതിനിടയിലുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളിലും ബസ് നിര്‍ത്തുകയും യാത്രക്കാര്‍ക്ക് ഫോട്ടോയും മറ്റും എടുക്കാനുള്ള സമയം അനുവദിക്കുകയും ചെയ്യും.
മലക്കപ്പാറയിലെ ഹോട്ടലുകളില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള ഭക്ഷണം കരുതാനുള്ള നിര്‍ദ്ദേശങ്ങളും കെഎസ്ആര്‍ടിസി തന്നെ നല്കിയിട്ടുണ്ടാവും. മലക്കപ്പാറയില്‍ ആവശ്യത്തിന് സമയം ചിലവഴിച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മടങ്ങുന്ന ഇതേ വണ്ടിയില്‍ തന്നെ യാത്രക്കാര്‍ക്ക് തിരിച്ചുപോരാം. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…