വിറങ്ങലിച്ച് കൂട്ടിക്കല്‍. ദുരന്ത ഭൂമിയുടെ നേര്‍ക്കാഴ്ച

സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായിരിക്കുകയാണ് കൂട്ടിക്കല്‍. ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഒരുഗ്രാമത്തെയാകെ തകര്‍ത്തെറിഞ്ഞു. കോട്ടയം ജില്ലയുടെ അതിര്‍ത്തിയില്‍ ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കല്‍.

ഒക്ടോബര്‍ 16 ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് കൂട്ടിക്കല്‍ പ്രദേശത്തു മഴ കനത്തത്. അടുത്തു നില്‍ക്കുന്നവരെപ്പോലും കാണാനാകാത്ത ശക്തമായ മഴ. ഉരുളുകള്‍ പൊട്ടുമെങ്കിലും കൈത്തോടുകള്‍ വഴി വെള്ളവും കല്ലും മണ്ണും കടന്നു പോകുന്നതായിരുന്നു പതിവെന്നു നാട്ടുകാര്‍ പറയുന്നു. ഈ വിശ്വാസമാണ് അതി തീവ്ര മഴയില്‍ തകര്‍ന്നത്. വീടുകള്‍ ഇരിക്കുന്ന പ്രദേശത്തു കൂടി കല്ലും മണ്ണും പാഞ്ഞു. ഇതോടെ പഞ്ചായത്തിലൂടെ ഒഴുകുന്ന പുല്ലകയാര്‍ നിമിഷനേരംകൊണ്ട് നിറഞ്ഞു കവിഞ്ഞു.

16നു രാവിലെ പത്തരയോടെ കൂട്ടിക്കല്‍ ടൗണ്‍ മുങ്ങാന്‍ തുടങ്ങി. വ്യാപാരികളും വീട്ടുകാരും കയ്യില്‍ കിട്ടിയതുകൊണ്ട് ഉയരമുള്ള പ്രദേശങ്ങളിലേക്ക് ഓടി. എന്താണെന്ന് മനസ്സിലാകും മുന്‍പ് ചെളിവെള്ളം കൂട്ടിക്കല്‍ ടൗണിനെ മുക്കിക്കളഞ്ഞു. വാഹനങ്ങള്‍ ഒഴുകി നീങ്ങി. കടകളിലും വീടുകളിലും ചെളി നിറഞ്ഞു. കൂട്ടിക്കല്‍ ചപ്പാത്തിന് അടുത്തുള്ള ചില വീടുകള്‍ നിലം പൊത്തി. ഒരു ഗ്രാമത്തെ മുഴുവന്‍ ഇല്ലാതാക്കി കൊണ്ടാണ് ആ മഴ ശമിച്ചത്. ഇന്നും വേദനയോടെയല്ലാതെ ആ തകര്‍ന്ന പ്രദേശം നോക്കികാണാന്‍ ആവില്ല.

https://youtu.be/o0rK-Wv29lc