കടുവ നിങ്ങളെ തേടി ഉടൻ എത്തും, വരവറിയിച്ച് ഷാജി കൈലാസ്

കടുവ നിങ്ങളെ തേടി ഉടൻ എത്തും,
മുൻകരുതലുമായി ഷാജി കൈലാസ്

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .  പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനായി ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അവർക്കൊരു സന്തോഷവാർത്തയാണ്  ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  കലിപ്പൻ കടുവയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടാണ് ഷാജി കൈലാസ് ഈ വിവരം അറിയിച്ചിട്ടുള്ളത്.

പ്രതിസന്ധികൾ മറികടന്നാണ് ഈ ചിത്രം തിരശ്ശീലയിൽ എത്താൻ പോകുന്നത്. കടുവ കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.വിവേക് ഒബ്രോയിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്.

ഹൈക്കോടതി സ്റ്റേ ഉൾപ്പെടെ നിരവധി തടസ്സങ്ങളാണ് ചിത്രീകരണത്തിനിടയിൽ ഉണ്ടായത്. കുരുവിനാൽ കുന്നിൽ കുറുവച്ചൻ ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാകും എന്ന് ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് ചിത്രത്തിന് ഹൈക്കോടതി സ്റ്റേ വന്നത്. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

കടുവയുടെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശം ഭക്ഷണം നൽകി എന്ന പരാതിയും  ഉയർന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ജിനു അബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സായ്കുമാർ,സിദ്ദിഖ്,ജനാർദ്ദനൻ വിജയരാഘവൻ, അജു വർഗീസ് ഹരിശ്രീഅശോകൻ, രാഹുൽ മാധവ്, വൃദ്ധി വിശാൽ,കൊച്ചുപ്രേമൻ, സംയുക്ത മേനോൻ,സീമതുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.