എഴുപത്തിയൊന്നിന്റെ നിറവിൽ ജഗതി ശ്രീകുമാർ, ജന്മദിനാശംസകളുമായി മോഹൻ ലാൽ

71 വയസ്സ് പൂർത്തിയാകുന്ന മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് ജന്മദിനാശംസകളുമായി മോഹൻലാൽ. അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് മോഹൻലാൽ എഴുതിയത്. ജഗതിയുടെ കൈ തന്റെ മുഖത്ത് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.

വാഹനാപകടത്തിൽ പരിക്കേറ്റതിനുശേഷമാണ് അഭിനയരംഗത്തു നിന്നും ജഗതി ശ്രീകുമാർ വിട്ടു നിന്നത്. പിന്നീട് നീണ്ടുനിന്ന ചികിത്സക്കു ശേഷമാണ് പിന്നീട് ജഗതി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഈയടുത്ത് ഒരു പരസ്യ ചിത്രത്തിലും താരം അഭിനയിച്ചിരുന്നു, മമ്മൂട്ടിയുടെ ചിത്രമായ സിബിഐ 5ൽ ജഗതി എത്തുമെന്ന വാർത്തയും ഈ അടുത്ത് പുറത്തുവന്നിരുന്നു.

മോഹൻലാൽ ജഗതി ശ്രീകുമാർ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ ഇവർക്ക് സമ്മാനിക്കാനായി. കിലുക്കവും, യോദ്ധ, താളവട്ടം, ഉദയനാണ് താരം, ബാലേട്ടൻ തുടങ്ങിയ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ ആരാധകർക്ക് നൽകാൻ ഇവർക്കായി. ജഗതിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. കോമഡി സീൻ ആയാലും, സീരിയസ് റോൾ ആയാലും ഇവർ തമ്മിലുള്ള കോംബോ അടിപൊളിയാണ്. ഏകദേശം 1500 സിനിമകളിൽ ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. ജഗതിയെ അമ്പിളി ചേട്ടൻ എന്നാണ് പലരും വിളിക്കുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്ന സന്തോഷത്തിലാണ് മലയാളികൾ.