ഇന്ദ്രൻസ് സുരഭി ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പൊരി വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ദ്രൻസ് സുരഭി ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പൊരി വെയിലിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫാറൂഖ് അബ്ദുൽ റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരഭി ലക്ഷ്മി തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുള്ളത്.
സാധാരണക്കാരന്റെ കുടുംബ ജീവിതം പ്രമേയമാക്കിയുള്ള ചിത്രമാണിത്.  സ്വന്തം വീട് പുലർത്താൻ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ ദയനീയ അവസ്ഥയാണിതെന്ന് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വ്യക്തമാകും.

ചിത്രത്തിന്റെ സംവിധായകനായ ഫാറൂഖ് അബ്ദുൽ റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക്  സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രസംയോജനം നടത്തിയിരിക്കുന്നത് ബിജിത്ത് ബാലയാണ്. ഷിബിൻ രാജ്, നാരായണൻ കാഞ്ഞങ്ങാട്, രമാദേവി, ഇന്ദിര,  ബാല താരങ്ങളായ അനഘ, ഹെറിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഫാറൂഖ് അബ്ദുൽ റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് പൊരി വെയിൽ. മഹാകവി പി കുഞ്ഞിരാമൻ നായരുടെ  ജീവിത കഥയെ പ്രേമേയമാക്കി ഫാറൂഖ് സംവിധാനം ചെയ്ത ചിത്രമാണ് കളിയച്ഛൻ.  പാലക്കാട് മൂവി കോണെഴ്സ് സൊസൈറ്റി ആണ് പൊരിവെയിൽ  നിർമ്മിച്ചിരിക്കുന്നത്.