ഗൂഗിൾ പേ ഉപഭോക്താവാണോ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്ത് സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക. ഇതിനായി ഒരു പ്രത്യേക സെക്ഷന്‍ ആരംഭിച്ചതായി ഡി.എം.ഐ. വ്യക്തമാക്കി. അര്‍ഹതയുള്ളവര്‍ക്കു ഗൂഗിള്‍ പേ വഴി തന്നെ വായ്പയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. ഗൂഗിള്‍ പേ വഴി തന്നെ വായ്പാ ആപേക്ഷ പൂര്‍ത്തിയാക്കാം.വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യും.

 

കോവിഡ് ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുമ്പോള്‍, വിശ്വസനീയമായ ക്രെഡിറ്റിലേക്കുള്ള ലളിതമായ പ്രവേശനം സാമ്പത്തിക പുനരുജ്ജീവനത്തിന് നിര്‍ണായകമാണെന്ന് ഗൂഗിള്‍ എ.പി.എ.സി. തലവന്‍ സജിത്ത് ശിവാനന്ദന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളും, വീട്ടിലിരുന്നു മൊബൈല്‍ വഴി ഒന്നു, രണ്ടു ക്ലിക്കുകളിലൂടെ വായ്പ ഉറപ്പാക്കാന്‍ പുതിയ പദ്ധതി വഴി സാധിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക. തിരിച്ചടവിന് 36 മാസം വരെ സാവകാശം ലഭിക്കും.