സന്ന്യാസി വേഷത്തിൽ നിവിൻ പോളി, യോദ്ധാവായി ആസിഫ്, മഹാവീര്യറിന്റെ ടീസർ പുറത്തിറങ്ങി

ആസിഫ് അലി നിവിൻ പോളി  കൂട്ടുകെട്ടിൽ ഇറങ്ങുന്ന മഹാവീര്യറിന്റെ ടീസർ പുറത്തിറങ്ങി .ഫാന്റസി  ടൈം ട്രാവൽ  വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകുന്ന ചിത്രമാണിത്. മഹാവീര്യർ എന്ന ചിത്രത്തിൽ ടൈം ട്രാവലും ഫാന്റസിയും നിയമ പുസ്തകങ്ങളും നിയമനടപടികളും എല്ലാം പ്രമേയമാക്കിയിട്ടുണ്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്.

ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  രാജസ്ഥാനിലും കേരളത്തിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനായ എബ്രിഡ് ഷൈൻ തന്നെയാണ്.

1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണയാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ലാൽ, ലാലു അലക്സ്‌, സിദ്ധിഖ്‌ വിജയ് മേനോൻ, മേജർ രവി, മല്ലികാ സുകുമാരൻ, പത്മരാജൻ രതീഷ്, സുധീഷ് പറവൂർ,  പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയ താരങ്ങളും  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പത്തു വർഷങ്ങൾക്കു ശേഷം  നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ആസിഫ് അലി ഈ ചിത്രത്തിന്റെ ഭാഗമായത്. നിവിൻപോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിൻ പോളിയുടെതായി ഇറങ്ങാനുള്ള ചിത്രം.