ദുൽഖറിന്റെ സിനിമകൾ പ്രദർശിപ്പിക്കില്ല,  വിലക്കേർപ്പെടുത്തി തിയേറ്റർ ഉടമകൾ

ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ വേഫറെർ ഫിലിംസിനും വിലക്കേർപ്പെടുത്തി കേരളത്തിലെ തീയറ്റർ ഉടമകളുടെ സംയുക്ത സംഘടന ഫിയോക്ക് .റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് ഒ ടി ടി യിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ ചേർന്ന ഫിയോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

തീയേറ്റർ റിലീസ് വാഗ്ദാനംചെയ്ത് ദുൽഖർ വഞ്ചിച്ചു എന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK)പറയുന്നത്.  സല്യൂട്ട് തീയേറ്ററുകളിൽ ജനുവരി 14ന് റിലീസ് ചെയ്യാൻ കരാർ ഉണ്ടായിരുന്നു.  അതിനുവേണ്ടി പോസ്റ്റർ അടിച്ചിരുന്നു .  ഈ ധാരണ ലംഘിച്ചാണ് സിനിമ മാർച്ച്‌ 18ന് ഒ ടി ടി യിൽ എത്തുന്നത് എന്നാണ് ഫിയോക്ക് പറയുന്നത്. ഒമിക്രോൺ വ്യാപനത്തെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചത്. പിന്നീട് സോണി ലൈവിലൂടെ  മാർച്ച്‌ 18ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

കുറുപ്പിന്റെ സമയത്ത് തീയേറ്റർ ഉടമകൾ പരമാവധി പിന്തുണച്ചിട്ടുണ്ടെന്നും തിയേറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.  വിലക്ക് എത്ര കാലത്തേക്ക് ആണ് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
അതുകൂടാതെ ദുൽഖറിന്റെ ഇതര ഭാഷ ചിത്രങ്ങളുമായ് സഹകരിക്കില്ല എന്ന് ഫിയോക്ക് അറിയിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് സല്യൂട്ട്. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്, ബോബി-സഞ്ജയ് കൂട്ടുകെട്ട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.
ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫറെർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അലൻസിയർ ബിനു പപ്പു വിജയകുമാർ,ലക്ഷ്മിഗോപാലസ്വാമി, സാനിയ ഈയ്യപ്പൻ തുടങ്ങിയ മറ്റു താരങ്ങൾ പ്രധാനവേഷങ്ങളിലെത്തുന്നു.