മാസ്സ് എൻട്രിയിൽ ബുദ്ധി രാക്ഷസന്റെ അഞ്ചാം വരവ്..

മാസ്സ് എൻട്രിയിൽ ബുദ്ധിരാക്ഷസന്റെ അഞ്ചാം വരവിന് ഒരുങ്ങി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. സിബിഐ ചിത്രങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ മമ്മൂട്ടിയുടെ കുറ്റന്വേഷണ ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. വീണ്ടും മാസ്എൻട്രി യിലൂടെ സിബിഐയുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പഴയ സിബിഐ ചിത്രങ്ങളിൽ കാണുന്ന പോലെ വെളുത്ത ഷർട്ടും മുണ്ടും ചുവന്ന കുറിയും ഈ ചിത്രത്തിലും മമ്മുട്ടിയുടെ ലുക്കിൽ കാണാം. ഇതിനോടകംതന്നെ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറും തിരിച്ചു വരുന്നുണ്ട്.

ചിത്രത്തിലെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചുവെന്ന വാർത്തക്ക് തൊട്ടുപിന്നാലെയാണ് ജഗതി വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നു എന്ന വാർത്ത എത്തിയത്. മമ്മൂട്ടിയുടെ നിർബന്ധപ്രകാരമാണ് വീണ്ടും സിനിമയിലെക്കു താരം എത്തുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി ബി യുടെ അസിസ്റ്റന്റ് ആയ  വിക്രം എന്ന കഥാപാത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ സിബിഐ ചിത്രങ്ങളിൽ  ശ്രദ്ധ നേടിയത്. ഈ ചിത്രത്തിന്റെ അഞ്ചാമത്തെ ഭാഗം ഇറങ്ങുമ്പോൾ ജഗതി എത്തുക എന്നത് അനിവാര്യമായ കാര്യമാണ്.

ചിത്രത്തിൽ മുകേഷും സായികുമാറും തിരിച്ചെത്തുമെന്ന് തിരക്കഥാകൃത്തായ  എസ് എൻ സ്വാമി പറഞ്ഞിരുന്നു. താരനിരയിൽ രമേശ് പിഷാരടിയും ദിലീഷ് പോത്തനും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്, അഖിൽ ജോർജ് ആണ് ഛായാഗ്രഹകൻ.