മരയ്ക്കാർ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രദർശിപ്പിച്ച എരുമേലി സ്വദേശി പിടിയിൽ

പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രദർശിപ്പിച്ച എരുമേലി സ്വദേശി പിടിയിൽ. നസീഫ് എന്ന യുവാവിനെയാണ്  കോട്ടയം പോലീസ് പിടിച്ചത്.
സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാൾ സിനിമ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതായ ആന്റണി പെരുമ്പാവൂർ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ് ചെയ്തത്.
നല്ല പ്രിന്റ് ആണെന്നും ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞുകൊണ്ടാണ് ചിത്രം പല ഗ്രൂപ്പുകളിലും ഷെയർ ചെയ്തത്.

മോഹൻലാലിന്റെ കടുത്ത ആരാധകനായ സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ മറ്റൊരു ഗ്രൂപ്പിൽ വന്ന പ്രിന്റ് ഫോർവേഡ് ചെയ്തത് എന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.

കോട്ടയം എസ് പി  ഡി ശില്പയുടെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളായുള്ള അന്വേഷണത്തിനൊടുവിലാണ് എരുമേലിയിലെ വീട്ടിൽനിന്നാണ് നസീഫിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിൽ സ്വന്തമായി ഒരു മൊബൈൽ കടയും ഇയാൾക്ക് ഉണ്ട്. മോഹൻലാൽ നായകനായ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇറങ്ങിയതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു. കൂടുതൽ പേർ സൈബർ നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരേ  തെളിവുകൾ കണ്ടെത്തിയതിനുശേഷം നടപടി എടുക്കും. ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു

പ്രീ ബുക്കിങ്ങിൽ നൂറുകോടി ക്ലബ്ബിൽ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇടംപിടിച്ച സിനിമയാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം. ഡിസംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്തത്. 4100 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ ഫാൻസ് ഷോകൾക്കു ശേഷമാണ് ചിത്രത്തിന്റെ ക്ലിപ്പുകൾ മൊബൈൽഫോണിൽ വ്യാപകമായി പ്രചരിച്ചത്. പിന്നീടാണ് ചിത്രവും അടങ്ങുന്ന പ്രിന്റ് ടെലിഗ്രാമിലൂടെ പ്രചരിച്ചത്