അനൂപ് മേനോന്റെ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ മാർച്ച് 18ന്

അനൂപ് മേനോൻ നായകനായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ട്വന്റി വൺ ഗ്രാംസ് മാർച്ച് 18ന് തീയറ്ററുകളിൽ.  അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ്  21 ഗ്രാംസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കർ, മാനസ രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രശസ്ത സംവിധായകൻ ദീപക് ദേവ് ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.  ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മാലിക് എന്ന ചിത്രത്തിലൂടെ  സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ.

പോലീസ് വേഷത്തിൽ അനൂപ് മേനോൻ വീണ്ടും എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സസ്പെൻസ് ത്രില്ലറിനായി കാത്തിരിക്കുന്നത്.  സ്ഥിര പരിചയമില്ലാത്ത പുതിയ ഘടനയാണ് കഥപറയാനായി ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.  ദി ഫ്രണ്ട് റോ പ്രൊഡക്ഷസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ ബിബിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.