96 ന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന് വ്യതമാക്കി സംവിധായകൻ

96ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകൾ വ്യാജ പ്രചരണമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ സി.പ്രേംകുമാർ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച 96 ന്റെ രണ്ടാം പതിപ്പ് ഉടൻ ഉണ്ടാകും എന്ന രീതിയിൽ പ്രചരിച്ച വാർത്തക്ക് മറുപടിയുമായാണ് സംവിധായകൻ തന്നെ രംഗത്തെത്തിയത്. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടർച്ചയും ആലോചനയിൽ ഇല്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ ഡി.റ്റി നെക്സ്റ്റിനോട് പ്രതികരിച്ചു. ചിത്രത്തിലെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിൽ തമിഴ് പിആർഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇതുസംബന്ധിച്ച വിവരം ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമെന്ന് പ്രസ്താവനയുമായി ആണ് ചിത്രത്തിന്റെ സംവിധായകൻ തന്നെ നേരിട്ട് എത്തിയിരിക്കുന്നത്. തൃഷയും, വിജയ് സേതുപതിയും വീണ്ടും എത്തുന്നു, എന്ന തരത്തിലുള്ള  വാർത്തകളായിരുന്നു പ്രചരിപ്പിച്ചിരുന്നത്.

ജാനകിയെയും റാമിനെയും ആരും മറന്നു കാണില്ല. കോളിവുഡിൽ നിന്നുള്ള റൊമാന്റിക് സിനിമയായ 96 നെ മലയാളികളും വളരെ ഇഷ്ടത്തോടെ കൂടിയാണ് വരവേറ്റത്. കാരണം വളരെയേറെ സ്വാധീനം പ്രേക്ഷകർക്കിടയിൽ ചെലുത്താൻ പ്രേം കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 96 എന്ന സിനിമയ്ക്കായി. ചിത്രത്തിൽ രാമചന്ദ്രൻ എന്ന് വിളിക്കുന്ന റാമായി എത്തിയത് വിജയ് സേതുപതിയും, ജാനകിയായി എത്തിയത് തൃഷയും  ആയിരുന്നു.  സ്കൂൾ കാലഘട്ടത്തിൽ നിശബ്ദമായി പ്രണയിച്ചവർ പിന്നീട് കോളേജിൽ കാലമായപ്പോൾ വേർപിരിക്കുന്നതും  കാലത്തിന്റെ കുത്തൊഴുക്കിൽ പിന്നീട് 22 വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുമ്പോളുള്ള ഓർമ്മകളും  തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.