തന്റെ മക്കളെ കൈപ്പിടിച്ച് നടത്തിക്കുന്നത് മുതല്‍ അവര്‍ക്ക് വളര്‍ച്ചയെത്തുന്നത് വരെ എല്ലാകാര്യങ്ങളിലും കൂടെ നില്‍ക്കുന്നവരാണ് അമ്മമാര്‍. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും അങ്ങനെ തന്നെയാണ്. അത്തരത്തില്‍ ഒരു സ്കൂളിലെ പാര്‍ക്കില്‍ അമ്മക്കരടി തന്റെ കുഞ്ഞിന് എങ്ങനെയാണ് സ്ലൈഡ് ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിച്ചുകൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
നോര്‍ത്ത് കരോലിനയിലെ ആഷെവില്ലെയിലെ ഐസക് ഡിക്സണ്‍ എലിമെന്ററി സ്കൂളിലെ അധ്യാപികയായ ബെറ്റ്സി സ്റ്റോക്സ്ലാഗര്‍ ആണ് ഈ വീഡിയോ ക്യാമെറയില്‍ പകര്‍ത്തിയത്. ‘എന്റെ ദിവസം ധന്യമായി, ഇത് സ്കൂളിലെ കളിസ്ഥലം. അമ്മ കരടി എങ്ങനെ വലിയ സ്ലൈഡിലുടെ ആസ്വദിച്ചു ഇറങ്ങാം എന്ന് കരടിക്കുഞ്ഞിന് കാണിച്ചു കൊടുക്കുന്നു’ എന്ന തലക്കെട്ടോടെയാ് ബെറ്റ്സി തന്റെ ഫേസ് ബുക്ക് പേജിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 3.3 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ നിമിഷ നേരം കൊണ്ട് കണ്ടത്.
അമ്മ കരടി സ്ലൈഡിന് പുറകിലുള്ള സ്റ്റെപ്പിലൂടെ സ്ലൈഡിലേക്ക് കയറുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. എന്നിട്ട് കരടികുഞ്ഞിനോടും സ്റ്റെപ് കയറാന്‍ ആവശ്യപ്പെടുന്നു. അല്പം അന്ധാളിച്ചു നില്‍ക്കുന്നുണ്ട് എങ്കിലും ഒടുവില്‍ കരടികുഞ്ഞും സ്റ്റെപ് കയറുന്നു. തുടര്‍ന്ന് അമ്മക്കരടി ഏറ്റവും വലിയ സ്ലൈഡില്‍ കയറിയിരുന്ന് താഴേക്ക് ആസ്വദിച്ചിറങ്ങുന്നത് കാണാം. കരടികുഞ്ഞ് അതെ സമയം ചെറിയ സ്ലൈഡിന്റെ അടുത്തേക്ക് നീങ്ങുന്നു. ഇതേ സമയം താഴെയെത്തിയ അമ്മക്കരടി കുഞ്ഞ് കരടിയ്ക്ക് ആത്മവിശ്വാസം നല്കാന് സ്ലൈഡിന്റ താഴെ ചെന്ന് നില്‍ക്കുന്നത് കാണാം. ഒടുവില്‍ സ്ലൈഡിലേക്ക് കയറി ഇരുന്ന് അല്പം പേടിയുണ്ടെങ്കിലും കരടികുഞ്ഞ് ഉരുങ്ങി അമ്മയുടെ അടുത്തേക്ക് ഇഴുകി വരുന്നതും വീഡിയോയില്‍ ഉണ്ട്.