കൊല്ലത്ത് മത്സ്യബന്ധന വലയില്‍ കുടുങ്ങി നീലത്തിമ്മിംഗലം

കൊല്ലത്ത് മത്സ്യബന്ധന വലയില്‍ കുടുങ്ങി നീലത്തിമ്മിംഗലം. അഴീക്കലില്‍ നിന്ന് പോയ വള്ളത്തിലെ തൊഴിലാളികള്‍ നീട്ടിയ റിങ്ങ്‌സീല്‍ വലയിലാണ് ഇടത്തരം തിമിംഗലം കുടുങ്ങിയത്. ഇതോടെ മത്സ്യബന്ധന തൊഴിലാളികള്‍ പരിഭ്രാന്തരായി.

വലകുരുങ്ങി ഉപജീവനം മുട്ടുമെന്ന ഭയത്തോടൊപ്പം തന്നെ വലയില്‍ നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ലക്ഷ്യം തെറ്റി കറങ്ങി അടിച്ചാല്‍ ബോട്ടുകളും തകര്‍ന്നേക്കുമെന്നതായിരുന്നു ആശങ്കക്ക് കാരണം. സാധാരണ ഗതിയില്‍ തിമിംഗലം മല്‍സ്യബന്ധന യാനങ്ങളെ ആക്രമിക്കാറില്ലെങ്കിലും വല കുരുങ്ങിയാല്‍ അപകടമുണ്ടാകും.

തീരത്തുനിന്ന് 5 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലെ തൊഴിലാളികളും ചേര്‍ന്ന് തിമിംഗലത്തെ വലയില്‍ നിന്ന് പുറത്താക്കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ തിമിംഗലം വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വലയ്ക്കുണ്ടായ കേടുപാട് നിമിത്തം വലിയ നഷ്ടമുണ്ടായെങ്കിലും, മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായ ആശ്വാസത്തിലാണ് തൊഴിലാളികള്‍.

അതേസമയം കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നീല തിമിംഗലത്തിന്റെ ശബ്ദ വീചികള്‍ മാത്രമെ കേട്ടിരുന്നുള്ളു. ഈ സംഭവത്തോടെ കേരളത്തീരത്ത് നീലതിമ്മിംഗലം ഉണ്ടെന്ന കാര്യത്തില്‍ ഉറപ്പ് വരുത്താനായെന്ന് അധികൃതര്‍ പറയുന്നു.