ഏതൊരച്ഛനും ഇത് അഭിമാന നിമിഷം. ഇനിയുള്ള കാലത്ത് അച്ഛനമ്മമാർ മക്കൾക്ക് നൽകേണ്ടത് സ്ത്രീധനമല്ല. വിദ്യഭ്യാസം

സ്വന്തം മക്കളുടെ വളര്‍ച്ചയ്ക്കായി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്നവരാണ് ഓരോ അച്ഛനമ്മമാരും. മക്കളെ പഠിപ്പിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റാനും ആയുസ്സിന്റെ നല്ലൊരു ഭാഗം എല്ലാ കഷ്ടപാടുകളും സഹിച്ച് അവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ് മാതാപിതാക്കള്‍. അത്തരത്തില്‍ ഒരച്ഛന്റെ അധ്വാനത്തിന്റെയും അദ്ദേഹത്തിന്റെ മകളുടെ വിജയത്തിന്റെയും കഥയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ എസ് രാജഗോപാല്‍. കാന്‍പുര്‍ ഐഐടിയിലെ പെട്രോ കെമിക്കല്‍ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്.

പയ്യന്നൂരിലെ ഐ.ഒ.സി പെട്രോള്‍ പമ്പ് ജീവനക്കാരനാണ് രാജഗോപാല്‍. ഭാര്യ കെ.കെ ശോഭന ബജാജ് മോട്ടോഴ്സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ അച്ഛന്‍ പെട്രോള്‍ പമ്പിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതല്‍ ഒപ്പമുണ്ട്. അച്ഛനും മകളും പെട്രോള്‍പമ്പില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ്.

ഈ വലിയ നേട്ടം കൈവരിച്ചതോടെ കണ്ണൂരിന്റെ അഭിമാനമായി മാറിയ ആര്യ കേന്ദ്രമന്തിയുടെ അഭിനന്ദനം കിട്ടിയതോടെ രാജ്യത്തിന്റെ തന്നെ അഭിമാന താരമായി മാറിയിരിക്കുകാണ്. അച്ഛന്റെ കഷ്ടപ്പാടിനൊത്ത് ജീവിച്ച് ജീവിതം കൈവരിച്ച ആര്യയ്ക്ക് വന്‍ അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.