കൊച്ചിയിൽ ഇനി മുതൽ 10 രൂപയ്ക്ക് ഊണ്

കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ജനകീയ ഹോട്ടൽ സമൃദ്ധി @ കൊച്ചി ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു.

പ്രശസ്ത സിനിമാ താരം മഞ്ജുവാര്യരാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

‘വിശപ്പുരഹിത കേരളം’ കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഈ മഹാമാരിക്കാലത്താണ് ഇത്തരം ഒരു പദ്ധതിയുടെ പ്രാധാന്യം നമ്മൾ കൂടുതൽ അറിഞ്ഞത്. ലോക് ഡൗൺ കാലത്ത് ഒരു ജോലിക്കും പോകാൻ സാധിക്കാത്തവർക്ക്, ഒരു രൂപ പോലും കയ്യിൽ എടുക്കാനില്ലാത്ത സാധാരണക്കാർക്ക് അത്താണി ആയത് സർക്കാർ നിർദ്ദേശപ്രകാരം തുടങ്ങിയ സാമൂഹിക അടുക്കളകളും, ജനകീയ ഹോട്ടലുകളുമാണ് എന്ന് നമ്മൾ കണ്ടു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ നഗരസഭ പൊതുജനങ്ങളുടെ പിന്തുണയോടെ കോവിഡ് രണ്ടാം തരംഗ കാലഘട്ടത്തിൽ TDM ഹാളിൽ നടത്തിയ സാമൂഹിക അടുക്കള .51 ദിവസം 200014 ഭക്ഷണ പൊതികൾ നമുക്ക് ഈ അടുക്കള വഴി നൽകാൻ സാധിച്ചു.

കേരളത്തിൽ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരം ജനകീയ ഹോട്ടലുകൾ ഉണ്ട് . എന്നാൽ നമ്മുടെ നഗരസഭയിൽ ഈ പദ്ദതി ഉദ്ദേശലക്ഷ്യത്തിൽ എത്തുന്ന തരത്തിൽ വ്യാപകമായിട്ടില്ല. അതുകൊണ്ടു തന്നെയാണ് നഗരസഭാ ബജറ്റിൽ ഉൾപ്പെടുത്തിയ വിശപ്പുരഹിത കൊച്ചി എന്ന പദ്ദതിയുടെ ഭാഗമായി നഗരസഭ മുൻ കൈ എടുത്ത് ഇങ്ങനെയൊരു സംരംഭം ഇന്ന് മുതൽ ആരംഭിക്കുന്നത്.