ചിരിപ്പിക്കാൻ സുരാജിന്റെ ദശമൂലം ദാമു വീണ്ടുമെത്തുന്നു

ചട്ടമ്പി നാടിൽ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ദശമൂലം ദാമു എന്ന കഥാപാത്രം സിനിമയാകുന്നു . വളരെ ചെറിയ വേഷമായിരുന്നു എങ്കിലും ഡയലോഗുകളും, ലുക്കും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഈ കഥാപാത്രം വീണ്ടും അണിയറയിൽ എത്തുകയാണ്, ഇതിനെ കുറിച്ചുള്ള വിവരം സുരാജ് വെഞ്ഞാറമൂട് തന്നെയാണ് പറഞ്ഞത്.

സൗബിൻ സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്.

സുരാജും പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന ജനഗണമനയുടെ പ്രമോഷന്റെ ഭാഗമായുള്ള പേളി മാണി ഷോയിൽ വെച്ചാണ് സുരാജ് പുതിയ സിനിമയുടെ വിശേഷം പങ്കു വച്ചത്. ഏറെനാളായി സീരിയസ് കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന് പ്രേക്ഷകരിൽ നിന്നും പരാതി ഉണ്ടായിരുന്നു എന്നും, പഴയതുപോലെ ഓർക്കാൻ രസമുള്ള കോമഡി കഥാപാത്രങ്ങൾ ചെയ്തു കൂടെ എന്ന അവതാരികയുടെ ചോദ്യത്തിനാണ് സുരാജ് പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. സുരാജിന്റെ അടുത്ത സിനിമയ്ക്ക് ശേഷം ദശമൂലം ദാമുവിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും സുരാജ് പറഞ്ഞു. പൃഥ്വിരാജ് സുരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ജനഗണമന, ഇന്ദ്രജിത്ത് സുരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന പത്താം വളവ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിനായി കാത്തിരിക്കുന്നത്.